കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക; ദില്ലിയില്‍ പ്രീ- സമ്മര്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു

വേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ പ്രീ- സമ്മര്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കേരള ടൂറിസം വകുപ്പ് നടത്തിയ മീറ്റ് രാജ്യത്തുടനീളമുളള ടൂറിസം പങ്കാളികളുടെ വേദിയായി മാറി. കോവിഡിന് ശേഷം കേരളത്തിലെ ടൂറിസം മേഖലയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. വരുന്ന വേനലവധിക്കാലത്ത് കൂടുതല്‍ സന്ദര്‍ശകരെ ലക്ഷ്യമിട്ടാണ് ആകര്‍ഷകമായ ടൂറിസം അനുഭവങ്ങളും ഉത്പന്നങ്ങളും രാജ്യതലസ്ഥാനത്ത് അവതരിപ്പിച്ചത്.

കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന പ്രീ- സമ്മര്‍ ബി ടു ബി മീറ്റ് രാജ്യത്തുടനീളമുളള ടൂറിസം പങ്കാളികളുടെ വേദിയായി മാറി. ഹൗസ് ബോട്ടുകള്‍, ജംഗിള്‍ റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ആയുര്‍വ്വേദ വെല്‍നസ് സെന്ററുകള്‍, ട്രക്കിംഗ് എന്നിങ്ങനെ കേരളത്തനിമയും സൗന്ദര്യവും മേളയില്‍ പരിചയപ്പെടുത്തി. ടൂറിസം പ്രമൊഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

ദില്ലിക്ക് പുറമേ, ബംഗളൂരു, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പുര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബി ടു ബി മീറ്റ് നടത്തും. അഡൈ്വഞ്ചര്‍ ടൂറിസം കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അന്താരാഷ്ട്ര സര്‍ഫിംഗ്, പാരാഗ്ലൈഡിംഗ്, മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്. ചടങ്ങില്‍ ചെണ്ടമേളം, കഥകളി, മോഹിനിയാട്ടം തുടങ്ങീ കേരളത്തിന്റെ തനത് കലാരൂപങ്ങളും അരങ്ങേറി.

