ദില്ലി തെരഞ്ഞെടുപ്പ്; എഎപി സ്ഥാനാര്‍ത്ഥികള്‍ പിന്നില്‍

ദില്ലിയിനി ആര് ഭരിക്കുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കേന്ദ്രഭരണ പ്രദേശത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കല്‍ക്കാജിയില്‍ എഎപി മുഖ്യമന്ത്രി അതിഷി മര്‍ലേന പിന്നില്‍. ന്യൂദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളും ജാങ്ങ്പൂരില്‍ മനീഷ് സിസോദിയയും പിന്നിലാണ്. നിലവില്‍ ബിജെപി 43 സീറ്റുകളിലും എഎപി 26ലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. പല സീറ്റുകളിലും കോണ്‍ഗ്രസ് രണ്ടാമതാണ്. ജാട്ട് സീറ്റുകളില്‍ എഎപിയും സിഖ് സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ലീഡ് നില.

എഴുപത് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷയില്‍ ദേശീയ തലസ്ഥാനത്തെ 19 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം ബാലറ്റ് വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങി. 70 സ്‌ട്രോംഗ് റൂമുകളിലായാണ് ഇവിഎമ്മുകളും വിവിപാറ്റുകളും ത്രീ ടയര്‍ കോര്‍ഡനില്‍ സൂക്ഷിച്ചിരുന്നത്.

ഫെബ്രുവരി അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 60.39 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. മുസ്തഫാബാദിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 69 ശതമാനം. കരോള്‍ ബാഗില്‍ രേഖപ്പെടുത്തിയ 47.40% വോട്ടാണ് ഏറ്റവും കുറഞ്ഞത്. ബുധനാഴ്ച പുറത്ത് വന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപി തിരിച്ചുവരുമെന്നാണ് പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ് ചിത്രത്തിലുണ്ടാവില്ലെന്നും പ്രവചിച്ചിരുന്നു.

