കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും

കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ വമ്പൻ അഴിമതിയാണ് തെളിഞ്ഞുവരുന്നത്. ഭോപ്പാലിലാണ് ഇന്നോവ കാറിൽ സ്വർണവും പണവും കണ്ടെത്തിയിരുന്നത്. ഉടമസ്ഥരിലേക്കുള്ള അന്വേഷണമാണ് അഴിമതിയിലേക്ക് നീണ്ടത്.

മധ്യപ്രദേശ് ഗതാഗത വകുപ്പിലെ മുന്‍ കോണ്‍സ്റ്റബിൾ സൗരഭ് ശര്‍മയുടെതാണ് ഇതെന്ന് വരുമ്പോൾ അമ്പരപ്പ് ഇരട്ടിക്കുന്നു. കാര്‍ സൗരഭിന്റെ സഹായി ചേതന്‍ സിങ്ങ് ഗൗറിന്റേതാണ് കണ്ടെത്തി. എന്നാല്‍, ഗ്വാളിയോര്‍ സ്വദേശിയായ ചേതന്‍ തനിക്ക് സൗരഭുമായുള്ള ബന്ധം നിഷേധിച്ചു. കാര്‍ തനിക്ക് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയതാണെന്നായിരുന്നു വാദം. എന്നാൽ പൊലീസ് ഇത് പൊളിച്ചു.

2024 ഡിസംബറില്‍ സൗരഭിന്റെ വീട്ടിലെ റെയ്ഡ് ആണ് സംഭവങ്ങളുടെ തുടക്കം. റെയ്ഡിനിടെ കാറില്‍ സ്വര്‍ണവും പണവും നിറച്ച് സൗരഭും ചേതനും കടന്നുകളയുകയായിരുന്നു. സൗരഭിന്റെ കുറച്ച് അകലെയുള്ള വീട്ടില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് ഇവർ കാറിൽ കടത്തിയത്. ഇത് പിന്നീട് കാട്ടില്‍ ഉപേക്ഷിച്ചു. അന്ന് സൗരഭിന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും ഉള്‍പ്പെടെ എട്ട് കോടി രൂപയുടെ വസ്തുക്കൾ കണ്ടെടുത്തിരുന്നു. റെയ്ഡ് നടന്ന രാത്രി സൗരഭിന്റെ വീടിന്റെ സമീപം കാര്‍ വന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയതോടെ ചേതൻ്റെ വാദങ്ങൾ പൊളിഞ്ഞു.

