KOYILANDY DIARY.COM

The Perfect News Portal

അന്തർസംസ്ഥാന ലഹരിക്കടത്തിലെ ഇടനിലക്കാരിൽ പ്രധാനി ഡ്രോപ്പേഷ് രവീഷ് പിടിയിൽ

കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ മുൻ എഞ്ചിനീയർ വയനാട് പൊലീസിന്‍റെ പിടിയിൽ. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലം പറമ്പിൽ വീട്ടിൽ ആർ രവീഷ് കുമാർ (28) നെയാണ് മാനന്തവാടിയിൽ വെച്ച് ഫെബ്രുവരി 2 ഞായറാഴ്ച്ച തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് തന്ത്രപരമായി പിടികൂടിയത്.

ക‍ഴിഞ്ഞ വർഷം ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസർഗോഡ് പുല്ലൂർ പാറപ്പള്ളിവീട്ടിൽ കെ. മുഹമ്മദ്‌ സാബിർ (31)നെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിൽ കർണാടകയിൽ വെച്ച് സാബിറിനു മെത്തംഫെറ്റമിൻ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് മനസ്സിലാക്കുകയും ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് സംഘം അതിവിദഗ്ദമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഇയാൾ ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേർന്ന് വളരെ വേഗത്തിൽ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കർണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേർപ്പെട്ടിരുന്ന ഇയാൾ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പ്രവീണ്യവും, വാക്ചാതുര്യവും കൊണ്ട് ലഹരിക്കടത്തിലെ ഇടനിലക്കാരിൽ വളരെ പെട്ടെന്ന് പ്രധാനിയായി മാറുകയായിരുന്നു. ലഹരി സംഘങ്ങൾക്കിടയിൽ ഡ്രോപ്പേഷ്, ഒറ്റൻ എന്നീ പെരുകളിൽ രവീഷ് അറിയപ്പെട്ടു തുടങ്ങി. ഇയാളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.

Advertisements

 

തന്‍റെ കൈവശമുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കാനും, കൈമാറ്റം ചെയ്യുന്നതിനും നൂതന മാർഗങ്ങളാണ് ഇയാൾ സ്വീകരിച്ചു വന്നിരുന്നത്. ഇതിന് മുമ്പ് എംഡിഎംഎ കേസിൽ മടിക്കേരി ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിൽ ഇറങ്ങി ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് വീണ്ടും ലഹരിക്കടത്തിലേക്കിറങ്ങിയത്. തിരുനെല്ലി ഇൻസ്‌പെക്ടർ എസ്എച്ച്ഓ ലാൽ സി ബേബി, എഎസ്ഐ മെർവിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിആർ രാഗേഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share news