ബി സോൺ കലോത്സവം തുടങ്ങി

നാദാപുരം കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന് പുളിയാവ് നാഷണൽ കോളേജ് ആർട്സ് ആൻഡ് സയൻസിൽ തുടക്കമായി. പലസ്തീൻ ജനതയുടെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡാപ്കെ ലയാലി എന്ന പേരിലാണ് കലോത്സവം. തിങ്കളാഴ്ച രാവിലെ രചനാ മത്സരങ്ങളോടെയാണ് ആരംഭിച്ചത്. കഥാരചന, ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിങ്, ക്വിസ്, സ്പോട്ട് ഫോട്ടോഗ്രഫി, കൊളാഷ്, കാർട്ടൂൺ, പെൻസിൽ ഡ്രോയിങ്, എംബ്രോയ്‌ഡറി എന്നീ ഇനങ്ങളിലാണ് മത്സരം.

ജില്ലയിലെ 112 കോളേജുകളിൽനിന്നായി എണ്ണായിരത്തോളം കലാപ്രതിഭകളാണ് അഞ്ചുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. സ്റ്റേജിതര മത്സരങ്ങൾ കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി കെ അർഷദ് അധ്യക്ഷനായി. സി കെ സുബൈർ, അബ്ദുള്ള വയലോളി, നസീമ കൊട്ടാരം, അഖില മര്യാട്ട്, പ്രൊഫ. എം പി യൂസുഫ്, ടി ടി കെ അമ്മദ് ഹാജി, ജാഫർ തുണ്ടിയിൽ, അഫ്നാസ് ചോറോട്, വി ടി സൂരജ്, സാഹിബ് മുഹമ്മദ്, എം കെ അഷ്‌റഫ്, ഷമീർ പാഴൂർ, മുഹമ്മദ് പേരോട് എന്നിവർ സംസാരിച്ചു.

