പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പൊന്നാനി മുക്കാടി കളത്തിൽ പറമ്പിൽ കബീർ (32) മരിച്ച കേസിലാണ് സുഹൃത്തായ മനാഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിൽ ഗുരുതര പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. വ്യായാമത്തിനിടെ പരിക്കേറ്റതെന്നാണ് ചികിത്സ തേടാനെത്തിയ പൊന്നാനി താലൂക്കാശുപത്രിയിൽ കബീറിനെ എത്തിച്ചവർ നൽകിയ വിവരം. ബാപ്പ: പരേതനായ മുഹമ്മദ്. ഉമ്മ: നബീസ. ഭാര്യ: മാജിത. മകൻ: മുഹമ്മദ് അഫ്വാം.

