ക്ലാസ് കാപ്പാട് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണം നടത്തി

ചേമഞ്ചേരി: കാപ്പാട് പ്രദേശത്തെ അക്ഷര സ്നേഹികൾ രൂപം നൽകിയ ‘ക്ലാസ് കാപ്പാട് ‘ കൂട്ടായ്‌മയുടെ പ്രഥമ സദസ്സ് കാപ്പാട് ദിശയിൽ വെച്ച് നടന്നു. പരിപാടിയിൽ എം.ടി. അനുസ്മരണം നടന്നു. ദ്വയാക്ഷരത്തിൽ അറിയപ്പെട്ട ലോകത്തോളം വളർന്ന മലയാളത്തിന്റെ അഭിമാനമായ പ്രിയ സാഹിത്യകാരനും ഗ്രന്ഥകാരനും തിരക്കഥാ കൃത്തും സംവിദായകനുമെല്ലാമായ എം ടി വാസുദേവൻ നായർ എന്ന മഹാനെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ സദസ്സിൽ പങ്കുവെച്ചു.

തന്റെ സാന്നിദ്ധ്യം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയെന്ന ഖ്യാതി നേടിയ വിശ്വപ്രശസ്തന്റെ വേർപാടിന്റെ ദുഃഖം പൊറുക്കാനാവാത്തതാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി പി മൂസ നൂർ മഹൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സാന്നിദ്ധ്യവും കഥാകൃത്തും ഗ്രന്ഥകാരനുമായ നാടിന്റെ പ്രിയപ്പെട്ട ഡോ. അബൂബക്കർ കാപ്പാട് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ കലാമണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന എൻ പി അബ്ദുൽ സമദ് മാസ്റ്റർ പൂക്കാട് മുഖ്യഭാഷണം നിർവ്വഹിച്ചു.


സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖനായ സജീവൻ ജെ പി വികാസ്, പത്ര പ്രവർത്തനും എഴുത്തുകാരനുമായ അഷ്‌റഫ് മാസ്റ്റർ, സാമൂഹ്യ സാംസ്ക്കാരിക പൊതു മണ്ഡലങ്ങളിലെ സാന്നിദ്ധ്യമായ ഉമ്മർ കളത്തിൽ, കലാകാരനും ഗ്രന്ഥകാരനുമായ നാസർ കാപ്പാട്, എഴുത്ത്കാരനും സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം വി മുഹമ്മദ് ശരീഫ് മാസ്റ്റർ, എഴുത്ത്കാരിയും കവിയത്രിയുമായ അശ്വതി വെങ്ങളം എന്നിവർ സംസാരിച്ചു. മനോജ് കാപ്പാട് സ്വാഗതവും സാദിക്ക് അവീർ നന്ദിയും പറഞ്ഞു.

