ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി നിലത്തുവീണ സ്ത്രീ മരിച്ചു

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി നിലത്തുവീണ സ്ത്രീ മരിച്ചു. കോട്ടക്കൽ തോക്കോമ്പാറ സ്വദേശി ബേബി (65) യാണ് മരിച്ചത്. ചങ്കുവെട്ടിയിലെ കാന്റീൻ ജീവനക്കാരിയാണ് ബേബി. വെള്ളിയാഴ്ച രാവിലെ എട്ടോടെ മകൻ എബിനോടൊപ്പം ചങ്കുവെട്ടിയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം.

തൃശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടി ഭാഗത്തുവെച്ച് ബൈക്കിന്റെ ചങ്ങലയിൽ സാരിത്തുമ്പ് കുടുങ്ങി ബേബി പിറകിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കും മറിഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ നാട്ടുകാർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെ മരിച്ചു. പരേതനായ ഗോപാലനാണ് ഭർത്താവ്.

