KOYILANDY DIARY.COM

The Perfect News Portal

തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള തലശ്ശേരി ജില്ലാ കോടതിക്ക് ഇനി പുതിയ മുഖം. എട്ടു നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിട സമുചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കിഫ്ബി മുഖാന്തരം നിരവധി പദ്ധതികൾ നടപ്പാക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കോടതി കെട്ടിട സമുച്ചയം നിർമിച്ചതും കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയാണ്. ബജറ്റിന് പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിൽ 105 കോടതികൾ സ്ഥാപിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

1793ലാണ് തലശ്ശേരി കോടതി സ്ഥാപിതമായത്. ചരിത്ര പ്രസിദ്ധമായ നിരവധി കേസുകൾക്ക് കോടതി സാക്ഷിയായി. പൈതൃക നഗരത്തിലെ കോടതി ഇനി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. അത്യാധുനിക സൗകര്യങ്ങളിലേക്ക് മാറുന്നതോടെ കേസുകളും വേഗത്തിലാകുമെന്ന് അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള പ്രത്യാശ പ്രകടിപ്പിച്ചു.

 

കിഫ്ബിയിൽ നിന്നും 56 കോടി രൂപ മുടക്കിയാണ് അത്യാധുനിക നിലയിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. തലശ്ശേരിയുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ പറഞ്ഞു. ദേശീയ പാതയിൽ അറബിക്കടലിന് അഭിമുഖമായാണ് പുതിയ കെട്ടിടം. കോടതികളുടെ പ്രവർത്തനോദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ നിർവ്വഹിക്കും. മന്ത്രിമാരായ പി രാജീവ്, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements
Share news