KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് ക്ഷേത്ര പൂജാരിക്ക് ജാതിയധിക്ഷേപം നേരിട്ട സംഭവം; തത്തപ്പിള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

ക്ഷേത്ര പൂജാരിയെ ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ എറണാകുളം തത്തപ്പിള്ളി സ്വദേശി ജയേഷിനെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തത്തപ്പിള്ളി ശ്രീ ദുര്‍ഗാ ദേവീക്ഷേത്രം പൂജാരി വിഷ്ണുവിനെ ജാത്യാധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തത്തപ്പള്ളി ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരിയായ ആലങ്ങാട് കൊടുവഴങ്ങ സ്വദേശി പി ആര്‍ വിഷ്ണുവിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ എത്തിയ ജയേഷ് ഭക്തരുടെ മുന്നില്‍ വെച്ച് വിഷ്ണുവിന്റെ ജാതി ചോദിക്കുകയായിരുന്നു.

 

ഇതിന് വിഷ്ണു മറുപടി നല്‍കിയതോടെ തനിക്ക് പ്രസാദം വേണ്ടെന്നു പറഞ്ഞ് ജയേഷ് വിഷ്ണുവിനെ അപമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഷ്ണു മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം പറവൂര്‍ പോലീസ് ജയേഷിനെതിരെ കേസെടുക്കുകയായിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയതിനാല്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജയേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഉത്തരവ് കോടതി റദ്ദാക്കിയതോടെ പറവൂര്‍ പോലീസ് ജയേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements
Share news