ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ

ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുന്നൊരുക്കം ഫലം കണ്ടുവെന്നും കൂട്ടായ്മയുടെ വിജയം ആണെന്നും മന്ത്രി പറഞ്ഞു.

പതിനെട്ടാം പടിയിൽ മിനിറ്റിൽ 90 പേർ കയറി എന്നും പൊലീസിന്റെ സേവനം ശ്രദ്ധേയമായി എന്നും അദ്ദേഹം വ്യക്തമാക്കി. പരാതിരഹിത തീർത്ഥാടന കാലം ആയിരുന്നു. ശബരിമല വിശ്വമാനവികതയുടെ സന്ദേശം നൽകുന്ന കേന്ദ്രമാണ്. ഭക്തൻമാരുടെ സംതൃപ്തിയാണ് തൻ്റെയും സംതൃപ്തി എന്നും റോപ് വെ ഉടൻ നിർമ്മാണം തുടങ്ങുമെന്നും അത് ചിരകാല അഭിലാഷ ആണെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ മുന്നൊരുക്കം ഉടൻ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വളരെ സന്തോഷം നൽകിയ തീർത്ഥാടന കാലം ആയിരുന്നുവെന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. സമാധാനപരവും, സുരക്ഷിതവും ആയിരുന്നുവെന്നും നല്ല അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് ഇക്കുറി നടന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിപുലമായ ഒരുക്കങ്ങളാണ് മകരവിളക്കുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. പുല്ലുമേട് 7245 പേരും പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1650 പേരും മകരവിളക്ക് ദർശിക്കാനെത്തി. ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി, എറണാകുളം റെയിഞ്ച് ഡീ ഐ ജി സതീഷ് ബിനോ, ഇടുക്കി എസ് പി വിഷ്ണു പ്രദീപ് ടി കെ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരങ്ങൾ ഒരുക്കിയത്.

