KOYILANDY DIARY.COM

The Perfect News Portal

ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍

എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച പരാജയം. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നും അവരെല്ലാം അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. ബിഷപ് ഹൗസിനകത്ത് പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.

ബിഷപ് ഹൌസിൻ്റെ ഗേറ്റ് തകർത്ത് പ്രതിഷേധക്കാര്‍ അകത്തുകടന്നിരുന്നു. എഡിഎം കെ മീരയുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൊച്ചി ഡിസിപി അശ്വതി ജിജിയും അല്‍മായ മുന്നേറ്റവും വൈദിക പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നേരത്തേ, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. നിരാഹാര സമരമിരുന്ന വൈദികരെ പൊലീസ് നീക്കിയതിന് പിന്നാലെയാണ് സംഘര്‍ഷം.

 

ഇന്ന് രാവിലെ അഞ്ചരയോടെയാണ് എറണാകുളം ബിഷപ്പ് ഹൗസില്‍ നിരാഹാരസമരം നടത്തിയ 21 വൈദികരെ പൊലീസ് നീക്കിയത്. പിന്നാലെ ബലം പ്രയോഗിച്ചാണ് വൈദികരെ മാറ്റിയതെന്ന് ആരോപിച്ച് വിമത വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാറെന്ന് എസിപി ജയകുമാര്‍ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ബസിലിക്ക പള്ളിക്ക് പുറത്ത് അവര്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ബിഷപ്പ് ഹൗസിന് ഉള്ളിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഗേറ്റ് അടച്ച് പൊലീസ് പ്രതിരോധിച്ചതോടെ പ്രതിഷേധക്കാര്‍ റോഡിലേക്ക് ഇറങ്ങി. മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും എതിര്‍ഭാഗത്ത് ഉണ്ടെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.

Advertisements

 

 

ഏകീകൃത കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരസമരം. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ വൈദികരെ സസ്പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു.

Share news