KOYILANDY DIARY.COM

The Perfect News Portal

ഹണി റോസിൻ്റെ പരാതി: ബോബി ചെമ്മണൂർ കസ്റ്റഡിയിൽ

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പോലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തതെന്ന് സൂചന. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75-ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. 

തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഇന്നലെയാണ് ഹണി റോസ് പരാതി നൽകിയത്. ഹണി റോസ് എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തി വിശദമായി മൊഴി നൽകിയിരുന്നു. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂരിനെ വിശദമായി ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു.

 

പരാതി നല്‍കി 24 മണിക്കൂറിനുള്ളിലാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.

Advertisements
Share news