KOYILANDY DIARY.COM

The Perfect News Portal

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണം; രണ്ട് പേർക്ക് സസ്പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന അബ്ദുൽ സലാം വൈസ് പ്രിൻസിപ്പാൾ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പാളിനെതിരെ നേരത്തെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തിരുന്നു. പത്തനാപുരം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

അതിനിടെ അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകനെതിരെയും പരാതി ഉയർന്നിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചതായും രണ്ടുമണിക്കൂറിൽ അധികം കുറ്റവിചാരണ നടത്തിയതായുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

Advertisements
Share news