ഐഎൻഎസ് കാബ്ര ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടു

ബേപ്പൂർ: ഇന്ത്യൻ നാവികസേനയുടെ അതിവേഗ യുദ്ധക്കപ്പൽ ഐഎൻഎസ് കാബ്ര ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് “അനഘ്’ അതിവേഗ നിരീക്ഷണ കപ്പലും എത്തും. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമാകാനാണ് പടക്കപ്പൽ വരുന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ തുറമുഖത്ത് ഈ കപ്പലുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരമുണ്ട്. ഐഎൻഎസ് കാബ്ര ഇന്ത്യൻ നാവികസേനയുടെ മികച്ച യുദ്ധക്കപ്പലുകളിലൊന്നാണ്.

മിനിറ്റിൽ 2000 വെടിയുണ്ട വരെ ഉതിർക്കാൻ ശേഷിയും 150 കിലോമീറ്റർ അകലെയുള്ള ശത്രുനീക്കം നിരീക്ഷിച്ച് അതിവേഗം എതിരാളികളെ ചെറുക്കാനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. ആഴം കുറഞ്ഞ മേഖലയിലും അത്യാവശ്യ ഘട്ടങ്ങളിൽ തീരത്തോടടുത്തുവന്നും ശത്രുപക്ഷത്തെ തുരത്താനാകുന്ന പ്രൊപ്പല്ലറില്ലാത്ത പ്രത്യേകതരം കപ്പലെന്ന സവിശേഷതയുമുണ്ട്. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിൽനിന്ന് എത്തുന്ന ഐസിജിഎസ് അനഘ് കൊച്ചിൻ ഷിപ്പ് യാർഡിൽ തദ്ദേശീയമായി നിർമിച്ച അതിവേഗ നിരീക്ഷണ കപ്പലാണ്.


പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് മുന്നേറാനുള്ള ശേഷിയാണിതിന്റെ പ്രത്യേകത. 50 മീറ്റർ നീളവും 290 ടൺ സ്ഥാനചലനവും 33 നോട്ട് വേഗവുമുള്ള അനഘിനെ നയിച്ച് ബേപ്പൂരിലെത്തുന്നത് കമാൻഡന്റ് (ജെജി) ആശിഷ് സിങ് ആണ്. 35 സൈനികരാണ് ഇതിലുണ്ടാവുക. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രവർത്തനങ്ങൾ അടുത്തറിയാനും കപ്പലിന്റെ അകംപുറം കാഴ്ചകൾ കാണാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിനൊപ്പം രാജ്യത്തിന്റെ പ്രധാന സേനയ്ക്കുള്ള ആദരവും അംഗീകാരവുമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് നൽകുന്നത്.

