എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തി

കോഴിക്കോട് എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെത്തി. വെള്ളിയാഴ്‌ച വൈകിട്ട് നാലോടെയാണ് നടക്കാവിലെ ‘സിതാര’ വീട്ടിലെത്തിയത്. എം ടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ഷൂട്ടിങ്ങിലായതിനാൽ അദ്ദേഹത്തിന് സംസ്‌കാര ചടങ്ങിലും മറ്റും പങ്കെടുക്കാനായിരുന്നില്ല. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ച മമ്മൂട്ടി എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയെയും മകൾ അശ്വതിയെയും ആശ്വസിപ്പിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കൈ കൂപ്പി മടങ്ങവെ എം ടി മരിച്ചിട്ട് 10 ദിവസമായല്ലോ, മറക്കാനാവാത്തതുകൊണ്ടാണ് വന്നതെന്ന് മമ്മൂട്ടി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വെള്ളിയാഴ്‌ച സിതാരയിലെത്തിയിരുന്നു.

