ഖുശ്ബു സുന്ദർ അറസ്റ്റിൽ

ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മഹിളാ മോർച്ച മധുരയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. പ്രതിഷേധം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ എത്താതിരിക്കാൻ പൊലീസ് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കാലിലുള്ള ചിലമ്പ് അണിഞ്ഞായിരുന്നു യുവ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ഖുശ്ബുവിന് പിന്നാലെ മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ചിലരെ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് വിവരം.

