മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

നല്ലളം: മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് വാടകക്ക് താമസിക്കുന്ന നല്ലളം പാടം ബസ് സ്റ്റോപ്പിന് സമീപം കോട്ട പറമ്പിൽ വീട്ടിൽ റാക്കിബ് (22) ആണ് പിടിയിലായത്. ഫറോക്ക് അസി. കമ്മിഷണർ എ.എം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡിൻ്റെയും സബ് ഇൻസ്പെക്ടർ സജിത്തിൻ്റെ നേതൃത്വത്തിലുള്ള നല്ലളം പൊലിസിൻ്റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് പിടിയിലായത്.

കഴിഞ്ഞ നവംബർ മാസം ആദ്യത്തിൽ നല്ലളം ഉളിശ്ശേരി കുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാൻ്റെ മോട്ടോർ സൈക്കിൾ വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. പ്രതികൾ വാഹനം ജില്ലക്ക് പുറത്തേക്ക് കടത്തി ഉപയോഗിച്ച് വരുകയായിരുന്നു. പ്രസ്തുത വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഫറോക്ക് ക്രൈം സ്ക്വാഡും നല്ലളം പോലീസും സംയുക്ത തിരച്ചിലിൽ കുണ്ടായിത്തോട് വെച്ച് വാഹനം സഹിതം പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ കൂട്ടു പ്രതി നല്ലളം സ്വദേശിയായ അൽത്താഫിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

നല്ലളം ഇൻസ്‌പെക്ടർ ബിജു കുമാർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ വിനോദ് ഐ ടി, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു നല്ലളം പൊലിസ് സ്റ്റേഷനിലെ അരുൺ ഘോഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
