ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; വെൻ്റിലേറ്ററിൽ തുടരും

കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. ഉമാ തോമസിന്റെ ആരോഗ്യ നില സ്റ്റേബിലാണ് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വെൻ്റിലേറ്റർ മാറ്റാൻ കൂടുതൽ സമയം വേണ്ടി വരുമെന്നും അറിയിച്ചു.

എക്സ് റേയിൽ ചെറിയ നീർക്കെട്ട് കണ്ടെത്തിയിട്ടുണ്ട്. ഉമാ തോമസ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെൻ്റിലേറ്റർ മാറ്റാൻ കഴിയും എന്നാണ് പ്രതീക്ഷ. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ ഡോക്ടർ എത്തിയിരുന്നു. ചികിത്സയിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും നേരിയ രീതിയിൽ എം എൽ എ സംസാരിച്ചു. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തു എന്ന് പറയാറായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു.

അതേസമയം, അമ്മയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

