രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജഭവനില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ രാവിലെ 10.30നായിരുന്നു പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സത്യപ്രതിജ്ഞക്ക് ശേഷം ചായ സല്‍ക്കാരം ഉണ്ടാകും. കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടിയാണ് അര്‍ലേക്കര്‍ കേരളത്തില്‍ എത്തിയത്. ബീഹാറിന്റെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് അര്‍ലേക്കര്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര അര്‍ലേക്കര്‍ ഗോവയില്‍ സ്പീക്കര്‍ – മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

