ഉമ തോമസിന് അപകടമുണ്ടായ സംഭവം; ദിവ്യ ഉണ്ണിയേയും സിജോ വർഗീസിനെയും ചോദ്യം ചെയ്യും

കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മൃദംഗ വിഷനുമായി ഇരുവർക്കും എന്തു ബന്ധമാണുള്ളതെന്ന ചോദ്യങ്ങളിലും വിശദമായ അന്വേഷണം നടത്തും. പങ്ക് ഉറപ്പായാൽ ഉടൻ നോട്ടിസ് നൽകും. തെറ്റ് ചെയ്ത ആർക്കും രക്ഷപെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകൾ ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ഒറ്റ മുറിയിൽ പ്രവർത്തിച്ച മൃദംഗ വിഷന് എങ്ങനെയാണ് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാൻ ആവുക. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളിൽ നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷൻ ഫീസ് ആയി വാങ്ങിയത് എന്നുള്ള കാര്യങ്ങളും സംഘം അന്വേഷിക്കും. അതേസമയം, പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

പരാതി ഐജിക്ക് കൈമാറി. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കണം എന്നാണ് ആവശ്യം. മുൻകൂർ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ CEO ഷമീറിന്റെ ജാമ്യ ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. ഇതുവരെ കേസിൽ മൂന്നുപേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇരുവരുടെയും പങ്ക് അന്വേഷിക്കുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ കൂട്ടിച്ചേർത്തു.

കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസും ഫയർഫോഴ്സും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഐപി സ്റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

പരുക്കേറ്റ ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കുറച്ചധികം ദിവസം കൂടി വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വരുമെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ . വീഴ്ചയുടെ ആഘാതത്തിൽ കുറച്ചധികം രക്തം ശ്വാസകോശത്തിൽ പോയിട്ടുണ്ട് അത് ആന്റീബയോട്ടിക്കുകളുടെ സഹായത്തോടെ മാറ്റാൻ സാധിക്കുമെന്ന് ഡോക്ടർ കൃഷ്ണനുണ്ണി പറഞ്ഞു.
