പരാതിരഹിത കലോത്സവമായിരിക്കും ഇത്തവണ; മന്ത്രി വി ശിവൻകുട്ടി

പരാതിരഹിത കലോത്സവമായിരിക്കും ഇത്തവണത്തെതെന്ന് മന്ത്രി വി ശിവൻകുട്ടി. കലോത്സവവുമായി ബന്ധപ്പെട്ടുള്ള എല്ലാ സൗകര്യവും സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായുള്ള വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തലസ്ഥാനം കലസ്ഥാനമാകാൻ ഇനി നാലു ദിവസം മാത്രമാണുള്ളത്. ഇതിനു മുന്നോടിയായി വിദ്യാലയങ്ങളിൽ നിന്നുമുള്ള വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉത്ഘാടനം കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

ജനുവരി 4 മുതൽ 8 വരെ 25 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. ഓരോ വേദിയിലേക്കും വേഗത്തിൽ എത്താൻ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌കുകളും ഉണ്ടാകും. 249 ഇനങ്ങളിലായി പതിനയ്യായിരത്തിൽ പരം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

