KOYILANDY DIARY.COM

The Perfect News Portal

വയനാട് പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

വയനാട് പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി വിധി. തോട്ടം ഉടമകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണം എന്നും കോടതി പറഞ്ഞു. ഹാരിസൺസ്, എൽസ്റ്റോൺ ഉടമകളായിരുന്നു കോടതിയെ സമീപിച്ചത്. സർവ്വേ നടപടികൾ ഉടൻ ആരംഭിക്കാം എന്നും ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം എന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ നിയമ നടപടി സ്വീകരിക്കാം എന്നും കോടതി പറഞ്ഞു.

ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ലാൻ്റ് അക്വിസിഷൻ നിയമപ്രകാരമാണ് ഭുമി ഏറ്റെടുക്കേണ്ടത്. 127.11 ഹെക്ടർ ഭൂമിയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ്‌ സ്ഥാപിക്കുന്നതിന്‌ സർക്കാർ ഏറ്റെടുക്കുന്നത്‌. കൽപ്പറ്റ നഗരത്തോടുചേർന്നുള്ള എൽസ്റ്റൺ എസ്‌റ്റേറ്റും മേപ്പാടി ടൗണിൽനിന്ന്‌ ആറ്‌ കിലോമീറ്റർ ദൂരെയുള്ള നെടുമ്പാല എസ്‌റ്റേറ്റും ഏറ്റെടുക്കാനാണ്‌ സർക്കാരിന്റെ തീരുമാനം.

Share news