ഡോ. മൻമോഹൻസിംഗിനോടുള്ള ആദരസൂചകം; കോണ്‍ഗ്രസ് പാർട്ടി ഏഴു ദിവസം ദുഃഖാചരണം നടത്തും

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ എല്ലാ പരിപാടികളും പ്രക്ഷോഭങ്ങളും റദ്ദാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി അറിയിച്ചു. ഏഴു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം ജനുവരി 3 മുതൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ പുനരാരംഭിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് അരോഗ്യ നില അതീവ ഗുരുതരമായതോടെ പ്രിയങ്ക ഗാന്ധി അടക്കം ദില്ലി എയിംസിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാന്‍ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി. പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

