മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേരസൗഭാഗ്യ പദ്ധതിക്ക് കർണാടകയിൽ പ്രചാരം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേര സൗഭാഗ്യ പദ്ധതിക്ക് കർണാടകയിൽ വൻ പ്രചാരം. കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന കാർഷിക മാസികയിലാണ് പദ്ധതി ഇടം പിടിച്ചത്. മൂടാടി പഞ്ചായത്ത് കേര കർഷകരെ സഹായിക്കുന്നതിനായി തേങ്ങ പറിക്കാൻ പകുതി വേതനവും തൊഴിലാളികളെയും നൽകുന്ന പദ്ധതിയെപ്പറ്റിയുള്ള ലേഖനമാണ് പ്രസിദ്ധീകരിച്ചത്.

കേരകർഷകർക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് കേരസൗഭാഗ്യ. ഒരേ സമയം നാളികേര കൃഷിയെയും കർഷകനെയും തെങ്ങുകയറ്റ തൊഴിലാളിയെയും ചേർത്ത് നിർത്തുന്ന പ്രവർത്തനമാണിത്. ഒരു തെങ്ങിന് അൻപത് രൂപ വേതനം കണക്കാക്കി 25 രൂപയാണ് സബ്സിഡിയായി നൽകുന്നത്. കയറേണ്ട തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച് പകുതി പൈസ അടച്ച് കർഷകർ ബുക്കിംഗ് നടത്തും. തൊഴിലാളികളെ കാർഷിക കർമസേനയാണ് എത്തിച്ച് കൊടുക്കുന്നത്. വേതനം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് അതത് ദിവസം തന്നെ കൈമാറും. സ്ഥിരമായി പറിക്കുന്നയാളും അല്ലാത്തവരും രജിസ്റ്റർ ചെയ്യുന്നുണ്ട്.

മറ്റ് സ്ഥലങ്ങളിലെ തൊഴിലാളികളും പദ്ധതിയിൽ രജിസ്ററർ ചെയ്തിട്ടുണ്ട്- തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. കവുങ്ങും നാളികേരവും വിളയുന്ന കർണാടക അതിർത്തി പ്രദേശങ്ങളിൽ മൂടാടിയുടെ കേര സൗഭഗ്യ ലേഖനം വന്നതോടെ ചർച്ചയാവുകയാണ്. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ വിളകളെ സംബന്ധിച്ച വിശദാംശങ്ങൾ മാർക്കറ്റിംഗ് എന്നീകാര്യങ്ങൾ വിശദീകരിക്കുന്നതാണ് മാഗസിൻ. തെങ്ങ്കയറ്റ തൊഴിലാളികളുടെ കേരളത്തിലെ വിവിധ കൂട്ടായ്മകളെ പറ്റിയും ലേഖനത്തിൽ വിശദീകരിക്കുന്നു. അദി കെ പത്രി കെ എന്നാണ് മാഗസിൻ്റ പേര്.
