KOYILANDY DIARY.COM

The Perfect News Portal

കേരള കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ പ്രൌഢോജ്വല തുടക്കം

കണ്ണൂര്‍ > കേരളത്തിന്റെ വയല്‍പ്പച്ചയും കാര്‍ഷിക സംസ്കാരവും വീണ്ടെടുക്കുമെന്ന പ്രഖ്യാപനത്തോടെ കേരള കര്‍ഷക സംഘം 25-ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ പ്രൌഢോജ്വല തുടക്കം. കൃഷിഭൂമി കൃഷിക്കാരനെന്ന മുദ്രാവാക്യവുമായി കര്‍ഷകപ്രസ്ഥാനം പിറവിയെടുത്ത മണ്ണില്‍ ആറര പതിറ്റാണ്ടിനുശേഷമാണ് സമ്മേളനം. ദിനേശ് ഓഡിറ്റോറിയത്തിലെ എം കെ ഭാസ്കരന്‍ നഗറില്‍ അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന്‍പിള്ള സമ്മേളനം ഉദ്ഘാടനംചെയ്തു. കാര്‍ഷിക- വ്യവസായ- സേവനമേഖലകളെ ചലനാത്മകമാക്കാതെ കേരളത്തിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ എസ്ആര്‍പി ചൂണ്ടിക്കാട്ടി.

രാവിലെ സംസ്ഥാന പ്രസിഡന്റ് എം എം മണി പതാക ഉയര്‍ത്തിയതോടെയാണ് ത്രിദിന സമ്മേളനത്തിന് തുടക്കമായത്. എ കെ ജിയുടെ സ്മൃതികുടീരത്തില്‍നിന്ന് സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ കെ രാഗേഷിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ എം വി ജയരാജന്‍ സമ്മേളനനഗരിയില്‍ ജ്വലിപ്പിച്ചു. തുടര്‍ന്ന് നേതാക്കളും പ്രതിനിധികളും രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  ഉദ്ഘാടനസമ്മേളനത്തില്‍ എം എം മണി അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ സ്വാഗതം പറഞ്ഞു. കെ വി രാമകൃഷ്ണന്‍, ഇ പി ജയരാജന്‍, എം വിജയകുമാര്‍, ടി പി ബാലകൃഷ്ണന്‍ നായര്‍, എസ് കെ പ്രീജ, എം പ്രകാശന്‍, പി എം ഇസ്മായില്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, കെ എന്‍ ബാലഗോപാല്‍ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകിട്ട് പൊതുചര്‍ച്ച ആരംഭിച്ചു. അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള, നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, വിജു കൃഷ്ണന്‍, പി കൃഷ്ണപ്രസാദ്, എന്നിവരും പങ്കെടുക്കുന്നു. ഉദ്ഘാടനസമ്മേളനത്തില്‍ പി കെ ശ്രീമതി എംപി, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിച്ചു.

Advertisements

ചൊവ്വാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടരും.  വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ സമകാലിക ഇന്ത്യന്‍ കാര്‍ഷിക മേഖല’ സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ബുധനാഴ്ച വൈകിട്ട് ഒരു ലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന റാലിയോടെയാണ് സമാപനം. കലക്ടറേറ്റ് മൈതാനിയിലെ ‘ബിനോയ് കോനാര്‍ നഗറി’ല്‍ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *