ജി.വിഎച്ച്. എസ്. എസ് മേപ്പയ്യൂരിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് ദേശീയ സാംസ്കാരിക വിനിമയ യാത്രാസംഘമെത്തി

മേപ്പയ്യൂർ: ‘ ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം – ഒരു വിദ്യാലയം ഗാന്ധിയുടെ ആത്മകഥ വായിക്കുന്നു ‘എന്ന 106 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ ഗാന്ധി വായനാ പരിപാടി നടത്തുകയും പുസ്തകമാക്കി പുറത്തിറക്കുകയും ചെയ്ത ജി.വിഎച്ച്. എസ്. എസ് മേപ്പയ്യൂരിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരക സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാസംഘമെത്തി.

എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ. സഞ്ജയ് മംഗൾ ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. അവർക്കൊപ്പം വയനാട് ഗോത്രദീപം ഗ്രന്ഥാലയത്തിന്റെ ആദിവാസി നൃത്തസംഘം കൂടി എത്തിയിരുന്നു. ഗാന്ധിയുടെ ഉപ്പുസത്യാഗഹ സമരത്തിൽ ആകൃഷ്ടനായി സ്വാതന്ത്ര്യ സമരത്തിലേക്ക് അണിചേർന്നയാളാണ് മറാഠി സാഹിത്യത്തിൽ ജനപ്രീതി നേടിയ നിരവധി കഥകളെഴുതിയ സാനെ ഗുരുജി. മഹാത്മാ ഗാന്ധിയും, മഹാത്മ ഫൂലെയും, ബാബാ സാഹെബ് അംബേദ്കറും ക്വിറ്റ് ഇന്ത്യാ സമര നായകനും സാഹിത്യകാരനുമായ സാനെ ഗുരുജിയിൽ സമ്മേളിച്ചിരുന്നു.

2024 ഡിസംബർ 24 സാനെഗുരുജിയുടെ 125-ാം ജന്മദിനമാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചു കൊണ്ട് സാംസ്കാരികവിനിമയ
യാത്ര ഭാരത പര്യടനം നടത്തുന്നത്. ആദിവാസികളുടെ പരമ്പരാഗത കലാവിഷ്കാരങ്ങളായ വട്ടക്കളി, കോൽക്കളി, കമ്പളനാട്ടി, നാടൻപാട്ട്, മറാഠിയിലും ഹിന്ദിയിലുമുള്ള ദേശഭക്തിഗാനങ്ങൾ എന്നിവയുടെ അവതരണങ്ങളുമുണ്ടായി. കഥ പറഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തും സർവമതസാഹോദര്യത്തിന്റേയും സമതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലേക്ക് സംവേദനം ചെയ്യുകയായിരുന്നു.

മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെഎൻ.എസ്. എസ് യൂണിറ്റാണ് ദേശീയോദ്ഗ്രഥന ഉത്സവത്തിന് വേദിയൊരുക്കിയത്. ദേശീയ സാംസ്കാരിക വിനിമയ യാത്രയുടെ കോഡിനേറ്ററും എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ. സഞ്ജയ് മംഗൾ ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ജാതി മത ദേശ ഭേദമന്യേ മനുഷ്യരുടേത് മാത്രമല്ല പ്രകൃതിയും മറ്റ് ജീവജാലങ്ങളുമുൾക്കൊള്ളുന്ന പ്രാപഞ്ചിക ബോധമാണ് ഇന്ത്യയെന്ന ആശയമെന്നും, അതാണ് ഇന്ത്യൻ ഭരണഘടനയുടെ സത്തയെന്നും അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം. ഷാജു ആമുഖാവതരണം നടത്തി. എൻ.എസ്.എസ്. ലീഡർ അനൻ സൗരെ ഭരണഘടനയുടെ ആമുഖം വായിച്ചു. വിജയരാഘവൻ ചേലിയ, സീരത് സത്പുരെ, ബാബാസാഹെബ് മെഹ്ബൂബ് നെതാഫ്, മാധുരി പാട്ടീൽ, സി.വി.സജിത്, മിഥുൻ ചന്ദ്ര എന്നിവർ സംസാരിച്ചു.
