മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ കൈകളിലെ പാവയായിരുന്നു ചന്ദ്രചുഡെന്ന് അദ്ദേഹം വിമർശിച്ചു. പള്ളികളിൽ സർവ്വേ അനുവദിച്ച ഡി വൈ ചന്ദ്രചൂഡ് രാജ്യത്തോടും ഭരണഘടനയോടും ചെയ്തത് വലിയ ദ്രോഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓൺലൈൻ മാധ്യമമായ ദി വയറിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ മുൻ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയത്.

രാജ്യത്തെ അസ്ഥിരപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ബിജെപിയുടെ കൈകളിലെ കളിപാവയാകുക ആയിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്വാധീനത്തിലാണ് വിവിധ പള്ളി വിഷയങ്ങളിൽ ഡി വൈ ചന്ദ്രചൂഡ് വിധി പുറപ്പെടുവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബാബരി കേസിലെ സ്വന്തം വിധിയുടെ ലംഘനമാണ് അദ്ദേഹം നടത്തിയത് എന്നും പള്ളികളിൽ സർവ്വേ അനുവദിച്ചതിലൂടെ രാജ്യത്തോടും ഭരണഘടനയോട് വലിയ പ്രഹരമാണ് ചന്ദ്രചൂഡ് ചെയ്തതെന്നും ദവേ വിമർശിച്ചു. ഗ്യാൻവാപി കേസിൽ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ ന്യൂനപക്ഷ സമുദായത്തിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുരാവസ്തു വകുപ്പിന്റെ സർവ്വേ ഉൾപ്പെടെ നടപടിക്രമങ്ങൾ അനുവദിച്ചത് തങ്ങളെ ഞെട്ടിച്ചെന്നും ദവേ ആരോപിച്ചു.

അയോധ്യ വിധിയിൽ തീർപ്പുണ്ടാക്കാൻ പ്രാർത്ഥിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാൻവാപി കേസിൽ 1991 ലെ ആരാധന നിയമത്തിലൂടെ നിരോധിക്കപ്പെട്ട തത്വങ്ങളിൽ ചന്ദ്രചൂഡ് ലംഘനം നടത്തിയെന്നും ദവേ വിമർശിച്ചു. ഗ്യാൻവാപി / മധുര / സംഭൽ / അജ്മീർ എന്നിവിടങ്ങളിലും അയോധ്യ ആവർത്തിക്കുകയാണെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി

