വടകരയില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

വടകര പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പുത്തൂര്‍ ശ്യാം നിവാസിന്‍ മനോഹരന്‍, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ്, കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ്, പട്ടര്‍ പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയില്‍ മനോജന്‍ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും മുഖം മൂടി ധരിച്ച് വീട്ടില്‍ കയറി അക്രമിച്ചത്. രവീന്ദ്രന്റ കാല്‍ തല്ലി ഒടിക്കുകയും തടയാനുള്ള ശ്രമത്തിനിടയില്‍ മകന്‍ ആദര്‍ശിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാലിന് പരിക്കേറ്റ രവീന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കേസില്‍ അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇവര്‍ തമ്മിലുള്ള ഭൂമി സംബന്ധിച്ച അതിര്‍ത്തി തര്‍ക്കമാണ് ക്വട്ടേഷന്‍ അക്രമണത്തില്‍ കലാശിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

