KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ആവശ്യക്കാർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. രാമനാട്ടുകര മേൽപാലത്തിന് താഴെവെച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് 30 കാരനായ കാസർഗോഡ് ബദിയടുക്ക കോബ്രാജ വീട്ടിൽ ജി.സി. ശ്രീജിത്തിനെ പൊലീസ് പിടികൂടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഒരു  ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്.

 

കാസർഗോഡ് നിന്നും വൻ തോതിൽ കഞ്ചാവ് എത്തിച്ച് ജില്ലയിലെ പല ഭാഗങ്ങളിലായി റൂം എടുത്തും വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ടും സിറ്റിയിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുകയായിരുന്നു ശ്രീജിത്തിൻ്റെ രീതി. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്ഐ ആർ. എസ്. വിനയൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടുന്നത്. ശ്രീജിത്ത് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ലഹരിയുമായി ബന്ധമുള്ള ആളുകളുടെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Share news