ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ് പുരസ്കാരം നല്കി ആദരിക്കും

ഡല്‍ഹി: രാജ്യത്തിന്റെ 67-ാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന് ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ് പുരസ്കാരം നല്കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍ യേശുദാസിന് പദ്മശ്രീയും 2002ല്‍ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചിരുന്നു.യേശുദാസിനെ കൂടാതെ എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കും പദ്മ വിഭൂഷണ്‍ ലഭിക്കും.
അന്തരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന് മരണാനന്തര ബഹുമതിയായും പദ്മ വിഭൂഷണ്‍ ലഭിക്കും. ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ.സാഗ്മ, മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പത്വ എന്നിവര്‍ക്കും പദ്മവിഭൂഷണ് പുരസ്കാരം ലഭിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പദ്മശ്രീ പുരസ്കാരം നല്കി ആദരിക്കും. റിയോ ഒളിന്പികിസില് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന് പി.ആര്.ശ്രീജേഷ് എന്നിവര്‍ക്കും പദ്മശ്രീ പുരസ്കാരം ലഭിക്കും.മോഹനവീണ സംഗീതജ്ഞന് വിശ്വമോഹന്‍ ഭട്ട്, ഗായിക അനുരാധ പൗദ്വാള്‍ എന്നിവര്‍ക്ക് പദ്മശ്രീ നല്കി ആദരിക്കും.

