കാണാതായ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കണ്ടെത്തി

കൊല്‍ക്കത്ത > കാണാതായ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കണ്ടെത്തി. സെന്‍ട്രല്‍ ഇന്റിലിജന്‍സിന്റെ കസ്റ്റഡിയിലായിരുന്ന കെ എന്‍ രാമചന്ദ്രനോട് കൊല്‍ക്കത്ത വിട്ട് പോകണമെന്ന് നിര്‍ദ്ദേശം. കൊല്‍ക്കത്തയില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന കെ എന്‍ രാമചന്ദ്രനെ കാണാനില്ലെന്ന് കാട്ടി റെഡ്സ്റ്റാര്‍ നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച രാവിലെ അഞ്ചോടെ കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രാമചന്ദ്രനെ സെന്‍ട്രല്‍ ഇന്റിലിജന്‍സ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പവര്‍ ഗ്രിഡിനായി മമത സര്‍ക്കാര്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 2 കര്‍ഷകര്‍ വെടിയേറ്റു മരിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭസ്ഥലത്തേക്ക് തിരിച്ചതായിരുന്നു കെ എന്‍ രാമചന്ദ്രന്‍.

രാമചന്ദ്രന്‍ അഖിലേന്ത്യാ സെക്രട്ടറിയായിട്ടുള്ള സിപിഐ (എംഎല്‍) റെഡ് സ്റ്റാറും സമരത്തിന് മുന്‍നിരയിലുണ്ട്. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

