ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ സാംസ്‌കാരികോത്സവം നടത്തുക.

കേരളത്തിന്റെ തിലകക്കുറിയായി മാറുന്ന ഒരു സാഹിത്യോത്സവമായാണ് ഈ സാഹിത്യോത്സവത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നാലു ദിവസം നീളുന്ന പുസ്തക മേള, സെമിനാറുകള്‍, രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള പ്രബന്ധങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമാകും. നീരാവില്‍ സ്വദേശി യൂ ബിന്നി ആണ് സാഹിത്യോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എസ്.എന്‍.ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. വി.പി.ജഗതി രാജ് അധ്യക്ഷനായി. സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍ ബിജു കെ മാത്യു, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ കെ നിസാമുദ്ദീന്‍, ഡോ. കെ. ശ്രീവത്സന്‍, മേളയുടെ ക്യൂറേറ്റര്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി, സര്‍വകലാശാല സ്റ്റാറ്റിയുട്ടറി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

