KOYILANDY DIARY.COM

The Perfect News Portal

പീഡനക്കേസ്; നടന്‍ സിദ്ദിഖ് വീണ്ടും പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടന്‍ സിദ്ദിഖ് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നു.

ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാവും ഉണ്ടാവുക. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്ക്കു ന്നതിനാല്‍ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം ലഭിക്കാം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.

 

ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകന് മുന്നിലും പൊലീസ് സ്റ്റേഷനിലും എത്തുകയായിരുന്നു.

Advertisements

 

Share news