KOYILANDY DIARY.COM

The Perfect News Portal

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അങ്കണവാടി പ്രവേശനത്തിന് അനുമതി

തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അങ്കണവാടി പ്രവേശനം നൽകാൻ വനിതാ ശിശുവികസന വകുപ്പിന്റെ അനുമതി. ചികിത്സയ്‌ക്കൊപ്പം ഇവർക്ക്‌ അങ്കണവാടികളിലും പഠന അന്തരീക്ഷവും ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ടു വയസിനും മൂന്നു വയസിനും ഇടയിലുള്ള വിവിധ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അങ്കണവാടികളിൽ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാക്കാൻ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഓട്ടിസം, സംസാര-ഭാഷാ പ്രശ്‌നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മറ്റ്‌ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കുകയാണെങ്കിൽ സഹപാഠികൾ ചെയ്യുന്ന കാര്യങ്ങൾ കാണാനും അനുകരിക്കാനും അതിലൂടെ കഴിവുകൾ വികസിപ്പിക്കാനും സാധിക്കും. ആവശ്യമായ അടിസ്ഥാന സൗകര്യവും അങ്കണവാടി ജീവനക്കാർക്ക് പരിശീലനവും ഉറപ്പാക്കിയാണ് കുട്ടികളെ പ്രവേശിപ്പിക്കുക.

 

വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ രണ്ടോ മൂന്നോ മണിക്കൂർ അങ്കണവാടികളിൽ ഇരുത്തിയാൽ മതിയാകും. ആവശ്യമെങ്കിൽ കട്ടികളുടെ രക്ഷിതാക്കൾക്ക്‌ അവിടെതന്നെ നിൽക്കാനും അനുവദിക്കും. കുട്ടികൾക്ക്‌ സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ ലഭിക്കുന്ന തെറാപ്പികൾക്കൊപ്പം അങ്കണവാടികളിൽനിന്ന്‌ സാധാരണ ലഭ്യമാകുന്ന സേവനങ്ങൾകൂടി ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികൾ കൂടുതലായി അങ്കണവാടികളിൽ എത്തിച്ചേരുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ, തദ്ദേശവകുപ്പിന്റെ സഹായംകൂടി തേടാമെന്നും ഉത്തരവിലുണ്ട്‌.

Advertisements

 

Share news