KOYILANDY DIARY.COM

The Perfect News Portal

എഡിജിപിക്കെതിരായ അന്വേഷണം; കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്: ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ അന്വേഷണത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അന്വേഷണം കൃത്യമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണ നൽകുകയാണ് എൽഡിഎഫ് ചെയ്തതെന്നും രാമകൃഷ്ണൻ പറഞ്ഞു. താൻ നേരത്തെ തന്നെ പറഞ്ഞതാണ് കാത്തിരിക്കാൻ, ഡിജിപിയാണ് നിലവിലെ അന്വേഷണം നടത്തുന്നത്. അതിൽ ഉയർന്നു വന്നതാണ് സാമ്പത്തിക ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം. ശുപാർശ വന്നപ്പോൾ ഒരു മിനിറ്റ് പോലും വൈകിച്ചില്ല. കൃത്യമായ നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. കർശനമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ തെളിവാണ് നിലവിലെ ഓരോ അന്വേഷണവും എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞത്. സർക്കാർ ഒരു തരത്തിലുള്ള പഴുതും ഇല്ലാതെയാണ് എല്ലാ അന്വേഷണവും നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

തൃശൂർ പൂരത്തിലും അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായും നിയമപരമായും ഉള്ള നടപടിയാണ് ഉണ്ടാവുക. ആവശ്യമായ എല്ലാ കാര്യങ്ങളും എൽഡിഎഫ് ചർച്ച ചെയ്യും. പി ശശിക്ക് എതിരായ ഒരു പരാതിയും എൽഡിഎഫിൽ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും. സർക്കാരിന് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കും. ആർക്കെതിരെ ആരോപണം വന്നാലും വസ്തുതയുണ്ടെങ്കിൽ കർശനമായ നടപടി എടുക്കുമെന്നും സംരക്ഷിക്കുന്ന നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിക്കില്ല എന്നും രാമകൃഷ്‌ണൻ വ്യക്തമാക്കി.

Advertisements

 

സിപിഐ പാർട്ടി എന്ന നിലയിലുള്ള നിലപാട് സ്വീകരിക്കും. എല്ലാത്തിനും ഉള്ള മറുപടി കൺവീനർ പറയണമെന്നില്ല, പാർട്ടികളുടെ അഭിപ്രായം എൽഡിഎഫ് ചർച്ചചെയ്യും. എഡിജിപിക്കെതിരായ അന്വേഷണത്തിൽ എല്ലാം പുറത്തുവരും. ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ നിലപാടിൽ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Share news