KOYILANDY DIARY.COM

The Perfect News Portal

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം; തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 63-ാം മൈൽ നെടിയപറമ്പിൽ സ്റ്റെല്ല (65) ന് പരിക്കേറ്റു. സഹ തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സ്റ്റെല്ലയ്ക്കു നേരെ കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്.
തോട്ടത്തിൽ കള എടുത്തു കൊണ്ടിരിക്കുന്നതിനിടെ കാട്ടുപോത്ത് സ്റ്റെല്ലയുടെ പിന്നിൽ വന്ന് കുത്തുകയായിരുന്നുവെന്ന് സഹ തൊഴിലാളികൾ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സ്റ്റെല്ലയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമൻ ആശുപത്രിയിലെത്തി പരിക്കേറ്റ സ്റ്റെല്ലയെ സന്ദർശിച്ചു.
വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നാട്ടുകാർ നേരിയ വാക്കേറ്റം നടത്തി. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും പ്രദേശവാസികൾ എംഎൽഎയോടും വനം വകുപ്പ് ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു. പരിക്കേറ്റ സ്റ്റെല്ലയെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്കയച്ചു.
Share news