കുനിയിൽ പുഴയോരത്ത് ഗ്രാമ ഹരിതസമിതി രൂപീകരിച്ചു

കൊയിലാണ്ടി : ദേശീയ കർമ്മസമിതി വിഭാവനം ചെയ്യുന്ന ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി വനേതര പ്രദേശങ്ങളിലെ വൃക്ഷവൽക്കരണവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി കുനിയിൽ പുഴയോരത്ത് ഗ്രാമഹരിത സമിതി രൂപീകരിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. പുഴയോരത്ത് കണ്ടൽ കാടുകൾ വെച്ച് പിടിപ്പിക്കുകയും നിലവിലുള്ളവയുടെ സംരക്ഷണവുമാണ് ഗ്രാമ ഹരിതസമിതി ഏറ്റെടുക്കുന്ന പ്രധാന ദൗത്യം. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. അസി. കൺസർവേറ്രർ വി. സന്തോഷ് കുമാർ, മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ, ഇന്ദിര വികാസ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഗീത ടി. കെ. എനനിവർ ആശംസകൾ നേർന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാലചന്ദ്രൻ പൂത്തൂർ സ്വാഗതവും, പി. കെ. രഞ്ചിത്ത് (SFO) നന്ദിയും പറഞ്ഞു. ഗ്രാമ ഹരിത സമിതിയുടെ പ്രസിഡണ്ടായി പി. കെ. പ്രസാദിനെ തിരഞ്ഞെടുത്തു.
