KOYILANDY DIARY.COM

The Perfect News Portal

കുവൈത്ത്‌ കെ എം സി സി ‘നോളജ് കോൺഫ്ലുവൻസ്’ ആഗസ്‌ത്‌ 25ന്‌ നടക്കും

കൊയിലാണ്ടി: കുവൈത്ത്‌ കെ എം സി സി ‘നോളജ് കോൺഫ്ലുവൻസ്’ ആഗസ്‌ത്‌ 25ന്‌ 3 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയാണ്‌ ‘നോളജ് കോൺഫ്ലുവൻസ്’. പദ്ധതിയുടെ ഭാഗമായി ‌നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 75 വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പ്‌ നൽകും. മുസ്‌ലിം ലീഗിന്റെ 75-ാം  വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ ചെലുത്തി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് കെ. എം സി സി കൊയിലാണ്ടി മണ്ഡലം നേതൃത്വം നല്കി വരുന്നുണ്ട്.
സ്കോളർഷിപ്പ്‌ ഉദ്ഘാടനം മുസിലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. നോളജ് കോൺഫ്ലുവൻസി മുസ്ലിം ലീഗ്‌  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ്‌ പി എം എ സലാം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി കെ കെ ബാവ, മുസ്‌ലിം ലീഗ്‌ കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ശാഫി പറമ്പിൽ എം പി, മോട്ടിവേഷൻ പ്രഭാഷകൻ റാഷിദ്‌ ഗസ്സാലി വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി കുൽസു, ഹരിത സംസ്ഥാന പ്രസിഡണ്ട്‌ ആയിഷാ ബാനു തുടങ്ങിയവർ പ്രസംഗിക്കും. 
കൊയിലാണ്ടി മണ്ഡലത്തിലെ പഞ്ചായത്ത്‌/മുനിസിപ്പൽ തലങ്ങളിൽ നിന്നാണ്‌ ‘നോളജ് കോൺഫ്ലുവൻസ്’ ഗുണഭോക്താക്കളെ കണ്ടെത്തിയത്‌. നിയോജക മണ്ഡലം എം എസ്‌ എഫ്‌ കമ്മിറ്റിയുമായി സഹകരിച്ചാണ്‌ ‌യോഗ്യരായ വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്‌‌. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പഠനത്തിൽ മികവ്‌ പുലർത്തുന്ന കുട്ടികളെയാണ്‌ ‘നോളജ് കോൺഫ്ലുവൻസി’നായി പരിഗണിച്ചത്‌.
ഇതോടൊപ്പം സ്കൂൾ യുണിയൻ ഇലക്ഷനിൽ ജേതാക്കളായ 35 ഓളംMSF സാരഥികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുന്നതാണ്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.പി. ഇബ്രാഹിം കുട്ടി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി ഹനീഫ മാസ്ററർ, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, മുസ്‌ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ് കെ എം നജീബ്,കുവൈറ്റ് കെ. എം. സി. സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനറുമായ ടി. വി. അബ്ദുലത്തീഫ്, കുവൈറ്റ് കെ എം സി. സി സംസ്ഥാന വൈസ്. പ്രസിഡണ്ട് ഫാറൂഖ് ഹമദാനി, ഉപദേശക സമിതി ചെയർമാൻ
ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.
Share news