KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ്സുകൾ വ്യാഴാഴ്ച സർവീസ് നടത്തുന്നത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ

കൊയിലാണ്ടി: സ്വകാര്യ ബസ്സുകൾ വ്യാഴാഴ്ച സർവീസ് നടത്തുന്നത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ. കൊയിലാണ്ടി വടകര മേഖലയിലെ നൂറുകണക്കിന് ബസുകൾ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ബസ് ജീവനക്കാർ വയനാടിന് കൈത്താങ്ങായി ഓടുമ്പോൾ യാത്രക്കാരും മികച്ച സഹകരണമാണ് നൽകുന്നത്. ടിക്കറ്റ് തുകയ്ക്ക് പുറമേ തങ്ങളാലാവുന്നത് നൽകിയാണ് ഓരോ യാത്രക്കാരും ഈ സദ്പ്രവൃത്തിയിൽ പങ്കുചേരുന്നത്.
ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ് കണ്ടക്ടർമാർ യാത്രക്കാരിൽ നിന്നും പണം ശേഖരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരും ബസ് ഉടമകളും പറയുന്നു. കൊയിലാണ്ടിയിലെ ഏതാണ്ട് എല്ലാ ബസുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഈ ഉദ്യമവുമായി മുന്നോട്ടുവന്നത്.
സർവ്വീസ് നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് കെ.ടി. വാസുദേവൻ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമായി ഈ പരിപാടിയെ കാണണമെന്നും ഇന്ന് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Share news