KOYILANDY DIARY.COM

The Perfect News Portal

തനിച്ചു കഴിയുന്ന വയോധികയുടെ വീട്ടില്‍ നിന്ന് കണ്ടുകിട്ടിയത് നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍

പറവൂര്‍: പുറംലോകവുമായി ബന്ധമില്ലാതെ തനിച്ചു കഴിയുന്ന വയോധിക വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതി എന്നുവിളിക്കുന്ന സത്തായി (75) യുടെ വീട്ടില്‍ നിന്ന് കണ്ടുകിട്ടിയത് നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍. ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് ഉണ്ടായിരുന്നത്. പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. വീട്ടില്‍ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കിയാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. സത്തായിയുടെ കൈവശം ലക്ഷക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉണ്ടെന്ന് കേട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപവത്കരിച്ച്‌ പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ പഞ്ചായത്ത് പ്രസിഡന്റും ജന പ്രതിനിധികളും അടങ്ങുന്ന സംഘം സത്തായിയുടെ വീട്ടില്‍ എത്തി. ആദ്യം അവര്‍ വാതില്‍ തുറന്നില്ല. ഏറെ നേരത്തിനു ശേഷം വാതില്‍ തുറന്ന് പുറത്തുവന്ന അവര്‍ നോട്ടിന്റെ കാര്യം ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു.ചെന്നവരെ വീട്ടിനുള്ളിലേക്ക് കയറ്റാന്‍ അവര്‍ തയ്യാറായുമില്ല. ഇതിനെ തുടര്‍ന്ന് മടങ്ങിയ പഞ്ചായത്ത് പ്രസിഡന്റും സംഘവും പോലീസുമായി വീണ്ടും എത്തിയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വരാപ്പുഴ എസ്.ഐ. സി.എസ്. ഷാരോണിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെ എത്തിയാണ് സത്തായിയുടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചത്. അപ്പോഴാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്.

വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, സെക്രട്ടറി ആര്‍. മഞ്ജുള, അംഗങ്ങളായ വത്സല ബാലന്‍, ടി.പി. പോളി, ജെയ്സണ്‍ പി.ടി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം സത്തായിയുടെ വീട്ടിലെത്തിയത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച സത്തായി വര്‍ഷങ്ങളായി ചിറയ്ക്കകത്തെ വീട്ടില്‍ തനിച്ച്‌ കഴിയുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും മകളും മരിച്ചു. അയല്‍വാസികളോടൊന്നും ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആയിരത്തിന്റെ നോട്ടുമായിട്ടെത്തിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *