KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ ദുരന്ത മേഖലകളില്‍ വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്  ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

പ്രദേശത്തെ മണ്ണിന്‍റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഐടി സൂറത്ത്കലുമായി ചേര്‍ന്ന്  ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ചു കൊണ്ട് വിദഗ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ഇനിയുള്ള ഭൂവിനിയോഗത്തിന്‍റെ രീതികള്‍ നിശ്ചയിക്കാനാകും. എന്‍ഐടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ധൻ ശ്രീവത്സാ കോലത്തയാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.  

Advertisements

ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേ നടത്തും. ദുരന്തബാധിത പ്രദേശത്തിന്‍റെ ഏരിയല്‍ ഫോട്ടോഗ്രാഫ്സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം  എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news