KOYILANDY DIARY.COM

The Perfect News Portal

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോ ഫൈനലിൽ നീരജിന് വെള്ളി നേട്ടം. സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞാണ് നീരജിന്‍റെ നേട്ടം. പാക് താരം അർഷാദ് നദിം സ്വർണവും ഗ്രെനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്‌സ് വെങ്കലവും സ്വന്തമാക്കി. പാരീസിലെ സ്റ്റേഡ് ദേ ഫ്രാൻസിൽ നടന്ന മത്സരത്തിൽ 89.45 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യക്കായി നീരജ് വെള്ളി സ്വന്തമാക്കിയത്.

ആദ്യം ശ്രമം ഫൗ‍ളായതോടെ നീരജിന്‍റെ അത്മവിശ്വാസത്തിന് കോട്ടം തട്ടിയെങ്കിലും. രണ്ടാമത്തെ അവസരത്തിലൂടെയാണ് വെള്ളി മെഡൽ നേടിയ ദൂരമെറിഞ്ഞത് പിന്നീടുള്ള ശ്രമങ്ങളും ഫൗളുകളിൽ കലാശിച്ചു. സമാനമായി ആദ്യം ശ്രമം പാക് താരം അർഷാദ് നദീമിന് ഫൗ‍ളായെങ്കിലും. രണ്ടാം അവസരത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിംപിക്സ് റെക്കോർഡോടെ താരം സ്വർണം സ്വന്തമാക്കി. അർഷാദിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്.

 

ആറാമത്തെ അവസരത്തിൽ 91.79 മീറ്റർ ദൂരവും അർഷാദ് എറിഞ്ഞു. അർഷാദിന്‍റെ റെക്കോർഡ് നേട്ടമാണ് നീരജിന് കനത്ത വെല്ലുവിളി ഉയർത്തിയത്. ആദ്യ അവസരം പിന്നിട്ടപ്പോൾ 84.70 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. ജയത്തോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം നീരജ് സ്വന്തമാക്കി. പാരീസ് ഒളിംപിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡൽ കൂടിയാണിത്.

Advertisements
Share news