KOYILANDY DIARY.COM

The Perfect News Portal

മഴയ്ക്കും കാറ്റിനും സാധ്യത; മലയോര – തീരദേശ മേഖലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം വിവിധ സേനാവിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ചേര്‍ന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തബാധിത മേഖലകളില്‍ ബുധനാഴ്ച സമഗ്ര പരിശോധന നടത്തും. നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ സേന വിഭാഗം പരസ്പരം മാറിയാണ് പരിശോധിക്കുക

ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. വയനാട്ടിലുള്ള മന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

Advertisements

വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കാന്‍ ഉടന്‍ സൗകര്യമുണ്ടാക്കും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഇത് ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബുധനാഴ്ച പുതിയത് വിതരണംചെയ്യും.

ക്യാമ്പുകളില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 64 കുടുംബങ്ങള്‍ക്ക് സൗകര്യം കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കല്‍പ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാര്‍ട്ടേഴ്സുകളിലും പട്ടികജാതി വികസന വകുപ്പിന്റെ വനിതാ ഹോസ്റ്റലിലും സൗകര്യമുണ്ട്.

Share news