സൈക്കിൾ വാങ്ങാൻ വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

കൊയിലാണ്ടി: സൈക്കിൾ വാങ്ങാൻ വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുചുകുന്ന് കുറിയേരി ബിജീഷിൻ്റെയും തുഷാരയുടെയും മകൻ തനയ് ബിജീഷാണ് തൻ്റെ ചിരകാലഭിലാഷമായ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചു വെച്ച പണം ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.

പത്രവാർത്തകളിലും മാദ്ധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ തനയ് ബിജീഷ് തൻ്റെ സമ്പാദ്യം നൽകണമെന്ന് അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി മാതാവിനൊപ്പം സ്ക്കൂളിൽ എത്തിയാണ് സമ്പാദ്യ പെട്ടി തുറന്നത്. കുട്ടിയുടെ സമ്പാദ്യത്തിനു പുറമെ അച്ഛൻ ബിജീഷും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി രജി. കെ. എം നിധി ഏറ്റുവാങ്ങി.

സ്ക്കൂൾ സ്റ്റാഫ് സ്വരൂപിച്ച തുക സ്റ്റാഫ് സിക്രട്ടറി വി.കെ. മോളി സേവാഭാരതി എക്സിക്യൂട്ടിവ് അംഗം ഉമേഷ് ഉപ്പാലക്കണ്ടിക്ക് കൈമാറി. വി.കെ. സജിത്ത്, ശൈലജ നമ്പിയേരി, അർഷിത്ത് എന്നിവർ സംസാരിച്ചു.
