വയനാട് ദുരന്തം; രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുന്നുണ്ട്. ഇനിയുള്ള ദൗത്യം കടുപ്പമുള്ളതായിരിക്കും. എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. അത് ദുരിതാശ്വാസനിധിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റ് വിവാദങ്ങള്‍ പാടില്ല വിഭജനങ്ങള്‍ ഇല്ലാതെ ഒരേ മനസോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം ദുരന്തഭൂമിക്ക് സമീപത്തുളള വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കുകയായിരുന്ന നാല് പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണെയാണ് രക്ഷപ്പെടുത്തിയത്. തിരച്ചിൽ സംഘമാണ് പടവെട്ടിക്കുന്നിലെ വീട്ടിൽ ഇവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

