ആര്‍എസ്എസ് നടത്തുന്ന ആയുധപരിശീലനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു

തിരുവനന്തപുരം > കണ്ണൂരിലും മറ്റു ജില്ലകളിലും ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇന്റലിജന്‍സ് മേധാവി ആര് ശ്രീലേഖയ്ക്കാണ് ഡിജിപിയുടെ നിര്‍ദേശം. സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് വിവിധ ക്യാമ്പുകളുടെ മറവില്‍ നടത്തിയതും നടത്തുന്നതുമായ ആയുധപരിശീലനത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ആയുധപരിശീലനത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷിക്കുന്നതിന് പുറമെ സ്കൂളുകളില്‍ ഇത്തരം പരിശീലനം നടത്താന്‍ അനുവദിക്കരുതെന്ന് ലോക്കല്‍ പോലീസിന് നിര്‍ദേശവും നല്‍കുന്നതാണ് ഉത്തരവ്. ആയുധപരിശീലനത്തെക്കുറിച്ച് ലോക്കല്‍ പൊലീസും അന്വേഷിക്കണം.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ ചില സ്കൂളുകളില്‍ ആര്‍എസ്എസ് പരസ്യമായി ആയുധ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. തുടര്‍ന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. പാലക്കാട് ഉള്‍പ്പെടെ മറ്റു ചില ജില്ലകളില്‍നിന്ന് സമാന പരാതി ഉയര്‍ന്നു. കണ്ണൂരില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയത് ജയില്‍ ഉദ്യോഗസ്ഥനാണെന്ന വിവരവും തെളിവു സഹിതം പുറത്തുവന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂരില്‍ നടന്ന ക്യാമ്പുകളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കും. ഇതിന്റെ ദൃശ്യമടക്കം പരിശോധിക്കും. സ്കൂള്‍ മാനേജ്മെന്റിന് കത്ത് നല്കി വിളിച്ചുവരുത്തി മൊഴിയെടുക്കും.

