KOYILANDY DIARY.COM

The Perfect News Portal

വടക്കഞ്ചേരിയിൽ സിനിമാസ്റ്റൈലിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്നു; രണ്ട് പേർ പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ സിനിമാസ്റ്റൈലിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്നു. കോയമ്പത്തൂർ ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച ലോറി ജീവനക്കാരെ കാറിൽ കയറ്റിയ ശേഷം റോഡിൽ ഇറക്കിവിട്ടു. രണ്ട് പേർ പോലീസ് പിടിയിലായി. ചീരക്കുഴി സ്വദേശികളായ ഷമീർ, ഷജീർ എന്നിവരാണ് പിടിയിലായത്.

ഇന്നലെ പുലർച്ച നാലു മണിയോടെയാണ് സംഭവം. വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി വടക്കഞ്ചേരിയിലെത്തിയപ്പോൾ കാറിലും ജീപ്പിലും, ബൈക്കിലുമായി എത്തിയ 10 അംഗ സംഘം ലോറി തടഞ്ഞ് നിർത്തി അൻപതോളം പോത്തുകളുമായി കടന്നുകളയുകയായിരുന്നു. 4 കിലോമീറ്റർ അപ്പുറത്തുള്ള വേങ്ങശ്ശേരിയിൽ പോത്തുകളെ ഇറക്കി ദേശീയപാതയിൽ ലോറി ഉപേക്ഷിച്ചു.

 

ലോറിയിലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈവറെയും, ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോട്ടിൽ ഇറക്കിവിട്ടു. ലോറി ഉടമയുടെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസ് എടുത്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇറച്ചി വിൽപ്പന നടത്തുന്നവരാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

Advertisements
Share news