നിർമിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പഠനപദ്ധതിയുമായി എൻട്രി ആപ്

കൊച്ചി: നിർമിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പഠനപദ്ധതിയുമായി എൻട്രി ആപ്. 22 ഭാഷകളിലായി എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai ) പ്രോഗ്രാം, ജെൻ എഐ കോൺക്ലേവിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്‌റ്റാർട്ടപ്പാണ് എൻട്രി.

നൈപുണ്യശേഷിയിലെ പോരായ്‌മകളാണ് വലിയ തൊഴിൽ സാധ്യതകളിൽനിന്ന് രാജ്യത്തെ പിന്നോട്ടടിക്കുന്നതെന്ന് എൻട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദീൻ പറഞ്ഞു. 18നും 35നും ഇടയിലുള്ള 40 കോടിപ്പേർ ഇന്ത്യയിലുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് വിവിധ ഭാഷകളിൽ Saksharatha.ai പുറത്തിറക്കുന്നത്. തുടക്കത്തിൽ മലയാളം, തമിഴ് ഭാഷകളിലാണിതെന്നും അദ്ദേഹം പറഞ്ഞു.

എഐ അടിസ്ഥാന പരിജ്ഞാനമാണ് Saksharatha.ai നൽകുന്നത്. പ്രാഥമിക എഐ ആശയങ്ങൾ, പ്രായോഗികപരിശീലനം, ധാർമികത തുടങ്ങിയവയ്ക്കൊപ്പം ഭാഷാപരമായ എല്ലാ വൈവിധ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. എഐ ആമുഖം, ജെൻ എഐ ഉപകരണങ്ങൾ, പ്രോംപ്റ്റ് എൻജിനിയറിങ്, എഐയുടെ ഭാവിയും ധാർമികമൂല്യങ്ങളും എന്നിവ അടങ്ങുന്നതാണ് പാഠ്യപദ്ധതി.

കോഴ്സിനുശേഷം എൻട്രിയിൽനിന്ന് സർട്ടിഫിക്കറ്റും ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും നൈപുണ്യശേഷി വർധിപ്പിക്കുന്നതിനും പ്രാദേശികഭാഷയിൽ പാഠ്യപദ്ധതി നടത്തുന്ന ആപ്പാണ് എൻട്രി. രാജ്യത്തുടനീളം 1.4 കോടിപ്പേർ ഇതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

