ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഉത്തരവുകള്‍ വിപരീതഫലം ഉണ്ടാക്കുമെന്നും സ്ത്രീകളുടെ തൊഴിലസവരങ്ങളെ ബാധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ആര്‍ത്തവ അവധി സംബന്ധിച്ച നയം രൂപീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിക്കാരന് വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു മാതൃകാ നയം രൂപപ്പെടുത്താനാകുമോയെന്ന് പരിശോധിക്കേണ്ടത് മന്ത്രാലയം സെക്രട്ടറിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സുപ്രീം കോടതി ഉത്തരവ് തടസ്സമാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

